വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിന്റെ മർമ്മംതന്നെയാണ്. അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം അനുഭവവേദ്യമാക്കുന്നതിനാവും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് നമുക്കും ബലിവേദിയിൽ ഓടിയണയാം. ''അങ്ങ് ഒരു വാക്കു കൽപ്പിച്ചാൽ മതി എന്റെ ആത്മാവു സുഖം പ്രാപിക്കും' എന്ന് ദിവ്യകാരുണ്യനാഥനോട് യാചിക്കാം. ആത്മീയമേഖലയിൽ ലഭിക്കുന്ന സൗഖ്യവും വിടുതലും ശാരീരിക-മാനസിക-ഭൗതിക മേഖലകളിലേക്കും കവിഞ്ഞൊഴുകട്ടെ! അങ്ങനെ ദൈവത്തിന്റെ സൗഖ്യം പകരുന്ന ഉപകരണ ങ്ങളായി നാമോരുരത്തരും മാറട്ടെ!