
ക്ലീമിസ് - മുന്തിരിവള്ളി. ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖ; കൂടുതല്‍ ഫലം തരാന്‍ വെട്ടിയൊതുക്കപ്പെടേണ്ടവന്‍. മധ്യതിരുവതാംകൂറില്‍ വേരുറപ്പിച്ച്, മലബാറിലൂടെ വളര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ റോമായിലെ ഭദ്രാസനപ്പള്ളിയുടെ ഉത്തുംഗമായ കുംഭഗോപുരങ്ങളിലേക്ക് ആ വള്ളി പടര്‍ന്നുകയറുകയാണ്. ആ വളര്‍ച്ചയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി ഒപ്പിയെടുത്ത ഒരു ജീവിതരേഖയാണീ പുസ്തകം. ക്രൈസ്തവഭൂരിപക്ഷമുള്ള സ്വദേശത്തുനിന്ന് ആദിവാസികളും പാവപ്പെട്ട കുടിയേറ്റക്കാരും താമസിക്കുന്ന വയനാട്ടിലെ മലനിരകളിലേക്കു ചേക്കേറാന്‍ മടികാട്ടാതിരുന്ന കൊച്ചച്ചന്‍ ദൈവവിളിയുടെ ഓരോ ഘട്ടത്തിലും നെറ്റി ചുളിക്കാതെ വിധേയപ്പെട്ടു പ്രത്യുത്തരിച്ചതിന്‍റെ നാള്‍വഴികള്‍ ഇതില്‍ വ്യക്തമാകുന്നു. അതിന്‍റെ പൂര്‍ണിമയില്‍ തിരുസഭയുടെ രാജകുമാരനായി, ചരിത്രം കുറിച്ച പോപ്പ് ഫ്രാന്‍സിസിന്‍റെ തെരഞ്ഞെടുപ്പില്‍ പങ്കാളിയായതിന്‍റെ വാഗ്മയചിത്രം വൈദഗ്ധ്യത്തോടെ വരച്ചുവെച്ചിരിക്കുകയാണ് പീറ്റര്‍ സി. എബ്രഹാം