
തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി തൂങ്കുഴിപിതാവു ചെയ്തകാര്യങ്ങള്‍ സമകാലീനചരിത്രമാണ്. എങ്കിലും മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പല നീക്കങ്ങളുടെയും വിശദാംശങ്ങള്‍ പലര്‍ക്കും അറിയാവുന്നതല്ല. തൃശൂര്‍ പൂരം മുടക്കമില്ലാതെ നടക്കുന്നതിനായി പിതാവ് ഒരു ഇടയലേഖനം തന്നെ ഇറക്കിയതും അത് ദേവസ്വം ഭാരവാഹികള്‍ കോടതിയില്‍ സമര്‍പ്പിച്ചതും അതിന്റെകൂടി പിന്‍ബലത്തില്‍ അനുകൂലവിധി സമ്പാദിച്ചതും കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിലെതന്നെ ഒരു സുവര്‍ണ അധ്യായമാണ്.