''ഹൃദയം കടല്‍പോലെ. ചിലര്‍ക്ക് വിദ്വേഷത്തിന്റെ വന്‍കടല്‍. ചിലര്‍ക്ക് സ്‌നേഹത്തിന്റെ ഉള്‍ക്കടല്‍. ഇനി ചിലരുണ്ട്, വേദനകള്‍ക്കു മുന്നില്‍ കാരുണ്യത്തിന്റെ തിരയിളക്കാതെയും സ്‌നേഹത്തിന്റെ നേര്‍ത്തൊരു അലപോലുമുണര്‍ത്താതെയും അടിത്തട്ടോളം നിശ്ചലം, നിര്‍വ്വികാരതയുടെ ശാന്തസമുദ്രങ്ങള്‍. കടല്‍ കോരിനിറയ്ക്കാനും ശൂന്യമാക്കാനുമാവുമോ? പക്ഷേ ഹൃദയത്തിന്റെ കടല്‍ നിറയ്ക്കാം, ഒഴിക്കാം. അത് സ്‌നേഹംകൊണ്ടു നിറയ്ക്കുക. അന്യര്‍ക്കുവേണ്ടി സ്വയം ശൂന്യമാക്കുക.'' ഇടയധര്‍മ്മത്തിന്റെ ഇടവേളകളിലെ ആലോചനകളെന്നതിനെക്കാള്‍ ആത്മീയാന്വേഷണത്തിന്റെയും ആത്മനൊമ്പരത്തിന്റെയും സ്വാഭാവിക സ്പന്ദനങ്ങളാണ് അഭിവന്ദ്യസൂസപാക്യം പിതാവിന്റെ വാക്കുകളില്‍ നിറയുന്നത്.