
1960 കളില്‍ മാരി ക്യാരെ എന്നൊരു കത്തോലിക്കാ നഴ്‌സ്, വാഹനാപകടത്തില്‍പ്പെട്ട ഒരു രോഗിയെ, പേരുവെളിപ്പെടുത്താന്‍ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയില്‍ പരിചരിക്കാനിടയായി. അയാള്‍ മരണത്തിന്‍റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളില്‍നിന്നു കിട്ടിയില്ല. എന്നാല്‍ ആയാളുടെ പെട്ടിയില്‍നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകള്‍ കിട്ടി. അവള്‍ ആ കുറിപ്പുകള്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിന്‍റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫലമാണ് ഈ പുസ്തകം. കരുതിക്കൂട്ടി കത്തോലിക്കാ പൗരോഹിത്യത്തില്‍ പ്രവേശിച്ച് (ഇതുപോലുള്ള മറ്റനേകം പേരോടൊപ്പം) സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റിന്‍റെ കഥയാണിത്.